ഓർമ്മയിലൊരു ബാല്യം
പുഴയിലെ ഒന്നിച്ചു കൂടി
മുങ്ങാംകുഴി ഇട്ടു രസിച്ചു...
വൈക്കോലിൻമേലെ കുത്തിമറിഞ്ഞു,
മണൽ വാരി എറിഞ്ഞു കളിച്ചു;
എത്രയാം പൂക്കളെ താലോലിച്ചു,
പിന്നെ ഇറുത്തും, കോർത്തെടുത്തും -
മുടിയിൽ ചൂടിയും …
മഴയിലെ നനഞ്ഞു നാം - കൂട്ടുകൂടി
ഒന്നിച്ചിരുന്നു കഥകൾ മെനഞ്ഞു,
ഒന്നിച്ചിരുന്നു മധുരം നുണെഞ്ഞു,
തോളോട് തോൾ ചേർന്ന്, പങ്കിട്ട
നിറമാർന്ന ഉത്സവ കാഴ്ചകൾ...
വിസ്മയമായവ ഇന്നും മനസ്സിൽ…
വേനലൊരുത്സവമായ് നമുക്ക് ….
നമ്മളെ തൊട്ടും തീണ്ടാതെയും
കടന്നതെത്ര, ഇല്ലായ്മകൾ-വല്ലായ്മകൾ ….
കയ്യാല മേലെ വലിഞ്ഞു കേറി,
തുള്ളിച്ചാടി മദിച്ചു നടന്നതും,
പൊടിപാറും വേഗത്തിൽ - ചെമ്മൺ
വഴികളിലോടിക്കളിച്ചതും… അങ്ങോട്ടുമിങ്ങോട്ടും-
മഴവെള്ളം തെറ്റിത്തെറിപ്പിച്ചതും…
ഒരോണനിലാവിന്റെ മറവിൽ
ഊഞ്ഞാലാടിയതും - എല്ലാം ഓർമ്മകൾ….
ഇന്നിന്റെ വഴിയിൽ നിന്നെൻ കണ്ണുകൾ
തിരയുന്നു, പിന്നിട്ട വഴികളിൽ...
നമ്മുടെ കാൽപ്പാടുകളെ..
തഴുകിയും നോവിച്ചും...
കടന്നു പോയ് കാലമിതെത്ര, നാമറിയാതെ,
ഒന്നായ് നടന്നതാം ഇടവഴികൾക്കിന്നു-
പറയുവാനുണ്ടേറെ കഥകൾ...
കാതോർക്കുന്നു ഞാനവയെ-
ഇന്നിന്റെ വാതിൽപ്പടിയിൽ…..
നിഴലായ് ഓർമ്മകൾ ഒപ്പം നടക്കുന്നു-
നമ്മളെ തൊട്ടും-തൊടാതെയും ….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ