മോഹം...
പിന്നിട്ട വഴികളിലേക്ക് ഒരു നൂൽപ്പാലമെങ്കിലും ഉണ്ടായിരുന്നെങ്കിൽ...,
എനിക്കെന്റെ ബാല്യത്തിലേക്ക് തിരികെ നടക്കണം
തെച്ചിയും മുല്ലയും പൂത്തുവോ എന്ന് നോക്കണം
പൂമ്പാറ്റയോടൊപ്പം പാറിപ്പറക്കണം,
തുമ്പിയുടെ പുറകെ ഓടിക്കളിക്കണം,
ആകാശം മുട്ടുമാറ് പട്ടം പറത്തണം,
നാട്ടുമാവിന്റെ ചോട്ടിലിരുന്നു “എനിക്കൊരു മാമ്പഴം തായോ”-
എന്നണ്ണാറക്കണ്ണനോട് കെഞ്ചണം.,
എന്നണ്ണാറക്കണ്ണനോട് കെഞ്ചണം.,
മാങ്കൊമ്പിലെ ഊഞ്ഞാലിൽ ചില്ലിയാട്ടമാടിത്തിമിർക്കണം...
അരയാലിലയിൽ ചത്രം വരയ്ക്കണം
തൊട്ടാവാടിയെ നോവിക്കാതിരിക്കണം
തുമ്പപ്പൂവിനോട് ഇഷ്ടം തുറന്നു പറയണം
അമ്മപ്പയ്യിനോടൊപ്പം പൈക്കുട്ടിയെ മേയാൻവിടണം
അവനെ വയറു നിറയെ പാല് കുടിപ്പിക്കണം
ഒരു പുതുമഴ കൂടി നനയണം -
പുതു മണ്ണിന്റെ ഗന്ധം ആവോളം നുകരണം..
മഴയിൽ കുതിർന്ന മുറ്റത്തെ നെല്ലിമരം പിടിച്ചു കുലുക്കണം
മഴത്തുള്ളികൾ ഇറ്റിക്കണം…
മഴവില്ലിൻ നിറങ്ങളെ മനസ്സിൽ താലോലിക്കണം
മഴവില്ലിൻ നിറങ്ങളെ മനസ്സിൽ താലോലിക്കണം
നെല്ലിക്ക തിന്നിട്ട് - കിണറ്റിലെവെള്ളം കോരികുടിച്ചാ-
മധുരം ആവോളം നുണയണം ...
മണ്ണപ്പം ചുട്ടുകളിക്കണം
മണ്ണപ്പം ചുട്ടുകളിക്കണം
പാലപ്പൂമണമൊഴുകുന്ന രാത്രികളിൽ -
നിലാവിന്റെ നെറുകയിലിരുന്നു ചിരിക്കുന്ന -
ചന്ദ്രനെ കണ്ടുറങ്ങാതിരിക്കണം…,
ജനലഴികളിലൂടെ മാടിവിളിക്കുന്ന -
നക്ഷത്രങ്ങളെ നോക്കി കിന്നരിക്കണം,
മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തിൽ പതുങ്ങിയിരിക്കണം.
പള്ളിക്കൂടത്തിന്റെ ഇടവഴികളിൽ അലസമായി ഒഴിച്ചുവിട്ട
താളുകൾ ഒരിക്കൽ കൂടി മറിച്ചു നോക്കണം…
മാനം നോക്കി, മേഘങ്ങളോടോപ്പം നടക്കണം
ചുവന്നു തുടുത്ത സായാഹ്ന സൂര്യനെ ഒന്നൂടെ ചുംബിക്കണം…
നീയാണ് യഥാർത്ഥ പ്രണയിനിയെന്നു സൂര്യകാന്തിയുടെ കാതിൽ പറയണം..
സ്വപ്നങ്ങൾ കാണണം, കൂട്ടുകാരോടൊപ്പം കളിക്കണം, ഉച്ചത്തിൽ ചിരിക്കണം..
തിരിവിളക്കിന് കീഴെ ഉമ്മറത്തിരുന്നുച്ചത്തിൽ
അമ്മയോടൊപ്പം സന്ധ്യാനാമം ജപിക്കണം...
തിരിവിളക്കിന് കീഴെ ഉമ്മറത്തിരുന്നുച്ചത്തിൽ
അമ്മയോടൊപ്പം സന്ധ്യാനാമം ജപിക്കണം...
അമ്മയോട് ചേർന്ന്കിടക്കണം, ആ ചൂടേറ്റുറങ്ങണം,
ഒരിക്കൽ കൂടി ആ കൈവിരലുകൾ എന്റെ മുടിയിഴകളെ തഴുകണം….
ഞാനാണ് ഭാഗ്യവതിയെന്നു ലോകത്തോടുറക്കെ പറയണം…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ