2020 സെപ്റ്റംബർ 29, ചൊവ്വാഴ്ച

 




ഓർമ്മകൾ …...


കൊഴിഞ്ഞുപോയൊരിലകളോരോന്നായ് .

പെറുക്കിയെടുത്തു...

ചിതറിയ ഓർമകളെ ചേർത്ത് വെച്ചു;

തൂക്കിയിട്ടൊരു നെടുവീർപ്പോടെ….

ഓർമചിത്രങ്ങൾ മനസിന്റെ ഭിത്തിയിൽ.... 

ഇന്നലെകൾക്കെന്തെന്തു മധുരമെന്നോ…



 


“മഴയോർമ്മകൾ”.....


കർക്കിടക മഴയിൽ, കുതിർന്ന് -

കിടക്കും, നനവാർന്ന മണ്ണിൽ ചവിട്ടി,

കുട്ടിക്കാലത്ത്, മഷിത്തണ്ട് തേടി പോകുന്ന

കുളിരാർന്ന പ്രഭാതങ്ങൾ - ഇന്നും 

കുളിരണിയിക്കാറുണ്ട്, ചില നേരങ്ങളിൽ…


2020 ഫെബ്രുവരി 21, വെള്ളിയാഴ്‌ച

മോഹം...





മോഹം...

പിന്നിട്ട വഴികളിലേക്ക് ഒരു നൂൽപ്പാലമെങ്കിലും ഉണ്ടായിരുന്നെങ്കിൽ..., 
എനിക്കെന്റെ ബാല്യത്തിലേക്ക് തിരികെ നടക്കണം 
തെച്ചിയും  മുല്ലയും പൂത്തുവോ എന്ന് നോക്കണം 
പൂമ്പാറ്റയോടൊപ്പം പാറിപ്പറക്കണം,
തുമ്പിയുടെ പുറകെ ഓടിക്കളിക്കണം, 
ആകാശം മുട്ടുമാറ് പട്ടം പറത്തണം,
നാട്ടുമാവിന്റെ ചോട്ടിലിരുന്നു “എനിക്കൊരു മാമ്പഴം തായോ”-
എന്നണ്ണാറക്കണ്ണനോട് കെഞ്ചണം.,
മാങ്കൊമ്പിലെ ഊഞ്ഞാലിൽ ചില്ലിയാട്ടമാടിത്തിമിർക്കണം...
അരയാലിലയിൽ ചത്രം വരയ്ക്കണം 
തൊട്ടാവാടിയെ നോവിക്കാതിരിക്കണം 
തുമ്പപ്പൂവിനോട്  ഇഷ്ടം തുറന്നു പറയണം 
അമ്മപ്പയ്യിനോടൊപ്പം പൈക്കുട്ടിയെ മേയാൻവിടണം
അവനെ വയറു നിറയെ പാല് കുടിപ്പിക്കണം 
ഒരു പുതുമഴ കൂടി നനയണം - 
പുതു മണ്ണിന്റെ ഗന്ധം ആവോളം നുകരണം..
മഴയിൽ കുതിർന്ന മുറ്റത്തെ നെല്ലിമരം പിടിച്ചു കുലുക്കണം 
മഴത്തുള്ളികൾ ഇറ്റിക്കണം…
മഴവില്ലിൻ നിറങ്ങളെ മനസ്സിൽ താലോലിക്കണം 
നെല്ലിക്ക തിന്നിട്ട് - കിണറ്റിലെവെള്ളം കോരികുടിച്ചാ-  
മധുരം ആവോളം നുണയണം ...
മണ്ണപ്പം ചുട്ടുകളിക്കണം 
പാലപ്പൂമണമൊഴുകുന്ന രാത്രികളിൽ -
നിലാവിന്റെ നെറുകയിലിരുന്നു ചിരിക്കുന്ന - 
ചന്ദ്രനെ കണ്ടുറങ്ങാതിരിക്കണം…,
ജനലഴികളിലൂടെ മാടിവിളിക്കുന്ന - 
നക്ഷത്രങ്ങളെ നോക്കി  കിന്നരിക്കണം,
മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തിൽ പതുങ്ങിയിരിക്കണം.
പള്ളിക്കൂടത്തിന്റെ ഇടവഴികളിൽ അലസമായി ഒഴിച്ചുവിട്ട
താളുകൾ ഒരിക്കൽ കൂടി മറിച്ചു നോക്കണം…
മാനം നോക്കി, മേഘങ്ങളോടോപ്പം നടക്കണം
ചുവന്നു തുടുത്ത സായാഹ്ന സൂര്യനെ ഒന്നൂടെ ചുംബിക്കണം…
നീയാണ് യഥാർത്ഥ പ്രണയിനിയെന്നു സൂര്യകാന്തിയുടെ കാതിൽ പറയണം..
സ്വപ്‌നങ്ങൾ കാണണം, കൂട്ടുകാരോടൊപ്പം കളിക്കണം, ഉച്ചത്തിൽ ചിരിക്കണം..
തിരിവിളക്കിന് കീഴെ ഉമ്മറത്തിരുന്നുച്ചത്തിൽ 
അമ്മയോടൊപ്പം സന്ധ്യാനാമം ജപിക്കണം...
അമ്മയോട് ചേർന്ന്കിടക്കണം, ആ ചൂടേറ്റുറങ്ങണം, 
ഒരിക്കൽ കൂടി ആ കൈവിരലുകൾ എന്റെ മുടിയിഴകളെ തഴുകണം….
ഞാനാണ് ഭാഗ്യവതിയെന്നു ലോകത്തോടുറക്കെ പറയണം…

2020 ജനുവരി 24, വെള്ളിയാഴ്‌ച

പൂമ്പാറ്റ






 പൂമ്പാറ്റ 

കുട്ടിക്കാലത്തു പൂമ്പാറ്റയെയും അതിന്റെ ചലനങ്ങളും
കൗതുകത്തോടെ നോക്കിക്കണ്ടു. അവയുടെ വർണ്ണങ്ങളും 
ചലനങ്ങളും എല്ലാം ഒരു പുത്തനുണർവേകുന്ന കാഴ്‌ചയാണ്‌.
ഇന്നും അവ മനസിൽ മായാതെ സൂക്ഷിക്കുന്നു. ഇടവേളകളിൽ
വിരുന്നുകാരായ്‌ അവ ഓർമ്മകളെ ഉണർത്താറുണ്ട്.



പാറിപ്പറക്കും പൂമ്പാറ്റ 
പൂന്തേൻ കുടിക്കും പൂമ്പാറ്റ 
പൂമ്പൊടി വിതറും പൂമ്പാറ്റ 
പാരിന്നഴക് പരത്തിടും പൂമ്പാറ്റ 

മുറ്റത്തെ പൂക്കളെയെന്നും 
മുത്തിയുണർത്തിടും പൂമ്പാറ്റ
ഞാനൊന്നടുത്തെങ്ങാനെത്തിയെന്നാൽ 
ഓടിയകന്നീടും പൂമ്പാറ്റ.

മുട്ടയായ്, ലാർവയായ്, പ്യൂപ്പയായ് 
ഇരുളും-വെളിച്ചവും മാറുന്നതറിയാതെ 
നാളുകളെത്ര കഴിച്ചിതെന്നോ
പൂമ്പാറ്റയായ് പുറത്തു വന്നു 

കണ്ടാലാരും കൊതിച്ചു പോം 
നിറങ്ങൾ പെയ്തൊരീ വിസ്മയം 
ശബളാഭമാം നിൻ ചിറകുകൾക്ക് 
വർണ്ണം വിതറിയതാരാണ്?





അനാഥത്വം






അനാഥത്വം - 

ഞാൻ കണ്ടിടത്തോളം, ഈ പ്രപഞ്ചത്തിലെ പറഞ്ഞറിയിക്കാൻ പറ്റാത്ത  
ദുഃഖമാണ് അനാഥത്വം.
മനസിനെ പിടിച്ചുലക്കുന്ന, ഒരിക്കലും, ആർക്കും നികത്താനാവാത്തത്. 
കൂടെ ചിരിക്കാൻ, കൂടെ കരയാൻ, സ്നേഹത്തോടെ,
ആത്മാർത്ഥതയോടെ പരിലാളനങ്ങളാൽ ഒന്ന് തലോടുവാൻ, 
കൈവിരലുകൾ കൂട്ടിപ്പിടിച്ചു “പേടിക്കേണ്ട.. 
നിനക്ക് ഞാനുണ്ട് .. മുന്നേറുക...” എന്ന് ചേർത്ത് നിർത്തി പറയുവാൻ... 
വീണിടത്തു നിന്ന് പിടിച്ചെഴുന്നേല്പിച്ചു, 
തോളിൽ കയ്യിട്ടു മുന്നോട്ടു നയിക്കുവാൻ ഇനി  ആരുമില്ലെന്ന തിരിച്ചറിവ്. 
ഏകാന്തത നിഴൽ വിരിക്കുന്ന വഴിയിൽ, 
കൂടെ നടന്നു നീങ്ങാൻ അനേകരുണ്ടെങ്കിലും സ്വന്തമെന്നു പറയാൻ 
ആരുമില്ലെന്ന ബോധ്യം… 


ഇന്നലെ വരെ അരികെ ഇരുന്നവർ
ഇന്നൊരോർമ്മയായ് മാറിനിൽക്കവേ,
ഒന്ന് തൊടാനായ് മുന്നോട്ടായവെ
ഒരു തേങ്ങലായ് ഓർമ്മകൾ വട്ടം പിടിക്കുന്നു…

ഒരു കൈയുണ്ട് പിന്നിൽ
നാമറിയാതെ താങ്ങായ്, തലോടലായ്...
ഒരു തോളുണ്ട് പിന്നിൽ
ഒന്ന് ചായുവാൻ, മെല്ലെ ഉറക്കുവാൻ...
സഫലമായില്ലെങ്കിലും, മോഹം- 
ലേശമില്ലാത്ത മനസ്സുകളുണ്ടോ?

ഉറ്റവരെന്നു പറയാൻ ഉണ്ട് പലർ -
അർത്ഥത്തിലാരുമില്ലെന്നിരിക്കെ.. 
ഇന്നലെവരെ വിരൽതുമ്പ് പിടിച്ചു നടന്നവർ  ,
കഥകൾ  കേട്ടു, മാറോട് ചേർന്നുറങ്ങിയവർ , 
അകലെയാണിന്നു, ദൂരം കൊണ്ടല്ല - 
ഹൃദയം കൊണ്ട്…




ഒരേ വഴി.....





ഒരേ വഴി.....


എത്ര കനവുകൾ ഒരുമിച്ചു കണ്ടവർ...
എത്ര കഥകൾ പറഞ്ഞു രസിച്ചവർ....
എത്ര കാവ്യങ്ങൾ ഒരുമിച്ചു പാടി.....
എത്രയോ നാഴിക പങ്കു വച്ചവർ നമ്മൾ....

ഇനി ഒരിക്കലും വേർപിരിയാനാ-
വില്ലെന്നു തിരിച്ചറിഞ്ഞവർ.....
ഇനിയുമേറെ ഇണക്കം-പരിഭവങ്ങൾ
ഒരേ വഴി നടക്കാൻ ഉറച്ചവർ....

പാതി വഴിയിൽ പതറാതിരിക്കുവാൻ 
പാദങ്ങളുറച്ചു, കൈകൾ കോർത്തു....
പാവനമായൊരു ജീവിതപ്പുലരികൾ
പിറക്കട്ടെ ഇനിയീ ജീവിത യാത്രയിൽ....

വിരഹത്തിൻ  വേദന പേറും നെഞ്ചകത്താൽ 
വിടരുന്ന ചിരിയോടെയെന്നെ  നോക്കി
വിതുംപുമേൻ ഹൃദയത്തിനു താങ്ങായ് 
വീഴാതെയെൻ വിരലുകൾ മുറുകെപ്പിടിച്ചു

ഒരായിരം ജന്മങ്ങളിനിയും
ഒരുമിച്ചീ ഭൂമിയിൽ വാഴുവാൻ
ഒരുമിച്ചീ  ജീവിതം  പങ്കു വെക്കുവാൻ 
ഒരേ വഴിയിൽ കൈ കോർത്തു ചരിക്കുവാൻ... 
കഴിയട്ടെ നമുക്കീ ജന്മാന്തരങ്ങൾക്കുമപ്പുറം .....


  ഓർമ്മകൾ …... കൊഴിഞ്ഞുപോയൊരിലകളോരോന്നായ് . പെറുക്കിയെടുത്തു... ചിതറിയ ഓർമകളെ ചേർത്ത് വെച്ചു; തൂക്കിയിട്ടൊരു നെടുവീർപ്പോടെ…. ഓർമചിത്രങ്ങൾ മന...